പാറന്റിങ് ഒരു കുട്ടിക്കളിയല്ല
“നിന്നെ ഒണ്ടല്ലോ , നാറി , എത്ര പറഞ്ഞാലും കേക്ക്യേല” , എന്നിട്ടും കലി അടങ്ങിയില്ല കയ്യിലേക്ക് രക്തപ്രവാഹം പകർന്ന ശക്തി ആ ഇളം കുഞ്ഞിന്റെ മുതുകിൽ പതിഞ്ഞവസാനിച്ചു , എന്നിട്ടും തീരാത്ത കലിപ്പ് ആ കുഞ്ഞിനെ ശൗചാലയത്തിന്റെ അന്തർഭാഗത്തേക്ക് തള്ളി വിട്ടു . ഇത്രയും ചെയ്തിട്ടും പിന്നെയും പിറുപിറുക്കുന്ന പിഞ്ചിന്റെ അമ്മയെ കണ്ട് എനിക്ക് ലജ്ജ തോന്നി , ‘വയ്യാത്ത വേലക്ക് പോവേണ്ടിയിരുന്നോ’ എന്ന് ആ അമ്മയോടായി എന്റെ ഉള്ളീന്ന് വന്നപ്പോൾ ഞാൻ കൃതാർത്ഥനായി . കുഞ്ഞ് എന്ന പദപ്രയോഗം ബോധപൂർവം വെച്ച ഒരു കെണിയാണ് . ഈ ഭൂമി ലോകത്ത് കുഞ്ഞ് എന്നും മുതിർന്നവർ എന്നുമുള്ള വ്യത്യസ്ത ചേരികൾ ഉണ്ടെന്ന ബോധ്യത്തെ തൊട്ടുണർത്താൻ വേണ്ടി മനഃപൂർവം വെച്ച കെണി . അപ്പൊ കുഞ്ഞ് എന്ന വിഭാഗത്തിൽ പെടുന്ന അണികളിൽ ന്യൂനതകളും പിഴവുകളും ഉണ്ടെന്നത് സ്വാഭാവികം അതു കൊണ്ടാണല്ലോ അവരെ കുഞ്ഞ് എന്ന് വിളിക്കുന്നത് , അങ്ങിനെ പിഴവുകൾ വരുതിക്കൂടാത്ത ഇനങ്ങൾ ആയിരുന്നു അവരെങ്കിൽ പിന്നെ അവരെ കുഞ്ഞെന്ന് വിളിക്കേണ്ടതില്ലല്ലോ . വളർന്നു വലുതാകുന്ന കുഞ്ഞിൽ കണ്ടു വരുന്ന ദുശീലങ്ങളും സ്വഭാവ ദൂഷ്യങ്ങളും സ്വയം ഭൂവായി ഉണ്ടാകുന്നതല്ല എന്നതിൽ സംശയമില്ല , പിന്നെവിടെയാകും ഈ മോശത്തരം ഒക്കെ അവന് നുകർന്ന് കൊടുക്കുന്ന പാഠശാല ? അത് അവന്റെ വളരെ ചുരുങ്ങിയക് ഇട്ടാവട്ടം തന്നെയാണെന്ന് സംശയലേഷമന്യേ സമർത്ഥിക്കാവുന്നതാണ് .
ഒരു കുഞ്ഞിനെ സംബന്ധിച്ചടത്തോളം അവന്റെ മനസ്സിൽ അവൻ ഭവ്യതയോടെ ആരാധിക്കുന്ന രണ്ട് താരകങ്ങളാണ് അവന്റെ അച്ഛനും അമ്മയും , അവരിൽ നിന്ന് അവൻ പ്രതീക്ഷിക്കുന്നു സ്നേഹത്തിന്റെയും ലാളനയുടെയും വാക്കുകൾ , മരുഭൂമിയിൽ നട്ടുച്ച നേരത്ത് ഒരിറ്റ് വെള്ളത്തിനായി തേടുന്ന യാത്രികന് ഒരിറ്റ് വെള്ളതിനോട് എത്ര കണ്ട് ആർത്തി തോന്നുമോ അതിനെക്കാളേറെ ആ കുഞ്ഞിന്റെ ചിത്തരം ആ വാക്കുകൾക്ക് വേണ്ടി ദാഹിക്കുന്നു . എന്നാൽ ഇതിന് പ്രതിലോമമായി കുഞ്ഞിന്റെ ഇങ്കിതത്തിന് വഴങ്ങാതെ സ്വാർത്ഥ താല്പര്യത്തിൽ അഭിരമിക്കുന്ന മാതൃപിതൃ ബന്ധം ഈ ദാഹത്തെ നിർദാക്ഷീണ്യം അവഗണിക്കുന്നു . എന്നു വെച്ചാൽ നമുക്ക് അവരെയല്ല ആവശ്യം നമ്മെ അവർക്കാണാവശ്യം എന്ന ബോധ്യത്തെ അംഗീകരിച്ച് കൊടുക്കണം എന്ന് സാരം . അവർക്ക് വിശക്കുമ്പോൾ ഭക്ഷണം നൽകുക , അല്ലാതെ നമുക്ക് തോന്നുമ്പോഴല്ല , അവർ കൊതിക്കുമ്പോഴൊക്കെ സ്നേഹത്തിന്റെ മധുരം നുകർന്ന് കിട്ടണം . പക്ഷെ അങ്ങിനെ അവരുടെ മനസ്സിന്റെ തിരി സ്നേഹത്തിന്റെ വെളിച്ചത്തെ മോഹിക്കുമ്പോഴൊക്കെ ഇറങ്ങിച്ചെന്ന് സ്നേഹിക്കാൻ നമുക്ക് കഴിയാറുണ്ടോ , എന്നിട്ടും ഇന്ന് വരെ അവർ നമ്മോട് കോപത്തിന്റെ നോട്ടം നോക്കിയിട്ടുണ്ടോ ? എങ്കിലും അവർ നമുക്ക് ഇഷ്ടമല്ലാത്ത എന്തേലുമൊന്ന് ചെയ്താൽ അപ്പോൾ നുരഞ്ഞു പൊന്തും ക്രോധത്തിന്റെ സർവ ഭാവങ്ങളും .
കുഞ്ഞുങ്ങൾക്ക് അവരുടെ ആവശ്യങ്ങൾ അംഗീകരിച്ച് കൊടുത്താൽ അവിടെ ലോകത്തെ കീഴ്മേൽ മറിക്കുന്ന ഒന്നും സംഭവിക്കാനില്ല , ഒരു കുഞ്ഞിന് മുന്നിൽ മുതിർന്നവർ തോറ്റു എന്നത് നാണക്കേടുണ്ടാക്കുന്ന ഒന്നാണെന്ന മിഥ്യ സമൂഹം കൊണ്ടു വന്ന ചാപല്യങ്ങളിലെ ഒന്നാണ് . ‘നിങ്ങളിൽ ഏറ്റവും ഉത്തമാർ വലിയവരോട് ആദരവ് കാണിക്കുകയും ചെറിയവരോട് കരുണ കാണിക്കുകയും ചെയ്യുന്നവരാണ്’ എന്ന പ്രവാചകൻ മുഹമ്മദ് നബിയുടെ അധ്യാപനത്തിൽ നിന്നും വലിയവരെ ആദരിക്കുക എന്നതിനെ ബോൾഡ് ചെയ്ത് കാണിക്കുകയും ചെറിയവരോട് കരുണ കാണിക്കുക എന്നത് ബോൾഡ് ചെയ്യാതെയും കാണിക്കുന്നത് ശരിയായ രീതി അല്ല , പ്രവാചക ചര്യ തന്നെ ആധാരം .
ഇതിനർത്ഥം വലിയവരോട് ബഹുമാനം വേണ്ട എന്നല്ല , ബഹുമാനവും കരുണയും ഒരാളിൽ സമ്മേളിക്കുമ്പോഴാണ് അവൻ നന്മ ഉള്ളവനാകുന്നത് എന്ന് സാരം . ഇനി , ഒരു കുഞ്ഞിൽ എങ്ങനെയാണ് ഒരു വ്യക്തിയോട് ബഹുമാനം നിറഞ്ഞു തുളുമ്പുന്നത് ? , അവർ വരുമ്പോൾ എഴുന്നേറ്റ് നിന്നത് കൊണ്ട് മാത്രം അളക്കാവുന്നതാണോ ഈ ബഹുമാനം ? , അല്ലെങ്കിൽ അയാൾ പറയുന്നത് അങ്ങോട്ട് തിരിച്ചൊരക്ഷരം ഉരിയാടാതെ അനുസരിക്കുന്നത് കൊണ്ട് മാത്രം അവൻ ബഹുമാനിക്കുന്നു എന്ന് മനസ്സിലാക്കാൻ കഴിയുമോ ? . ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുള്ള ശ്രമം നമ്മെ ചെന്നെത്തിക്കുക ഒരു ചോദ്യത്തിന് മുന്നിലേക്കായിരിക്കും , അത് ‘എന്താണ് ബഹുമാനം?’ എന്ന ചോദ്യമാകാതെ തരമില്ല . ഒരു വ്യക്തിയോടുള്ള സ്നേഹം അതിന്റെ അതിർ വരമ്പുകളെ ഭേദിച്ച് ചലിക്കുകയും അദ്ദേഹം നമ്മിൽ സ്വാധീനം ചെലുത്തുകയും ചെയ്യുമ്പോൾ ക്രമാതീതമായി മനസ്സിൽ രൂപപ്പെടുന്ന ഒരു തരം വികാരമായാണ് ബഹുമാനത്തെ ഞാൻ കാണുന്നത് . ആ വികാരമാണ് ബഹുമാനിക്കപ്പെടുന്ന ആളുടെ വാക്കുകളെ മൂല്യവത്താക്കി മാറ്റുന്നത് , ആ വികാരമാണ് ബഹുമാനിക്കപ്പെടുന്നവന്റെ സാമീപ്യത്തെ പ്രിയം നൽകുന്നത് .
കുട്ടികളിലെ വികൃതികളെ എടുത്ത് നോക്കുകയാണെങ്കിൽ അതിൽ മിക്കതും നാം ഇഷ്ടപ്പെട്ട് കൊണ്ടിരുന്നവകളായിരുന്നു എന്നാൽ പെട്ടന്ന് ‘നീ വലിയവനായി ഇനി ഇതൊന്നും നീ ചെയ്യേണ്ടതല്ല’ എന്ന രൂപത്തിൽ അവനെ ക്രൂശിക്കുകയും വിലക്കുകയും ചെയ്യുന്നു . എന്നാൽ ആ വിലങ്ങുകൾ അവനെ വാശിയുടെ അധ്യായത്തിലേക്ക് കടത്തി വിടുന്നു , ആ അധ്യായത്തിലൂടെ പിശാച് സ്നേഹമുള്ളവനായി ചമയും , ലഭിക്കാതെ പോയ സ്നേഹം അവനിലേക്ക് ഇട്ടു കൊടുക്കും , ആ വള്ളികളിൽ തൂങ്ങി ദുഷ് ചെയ്തികളിൽ അവൻ ആനന്ദം കണ്ടെത്തി തുടങ്ങും. നിങ്ങൾ പോലും ആലോചിക്കാത്ത വഴികളിലൂടെയാണ് പിശാചിന്റെ ചരട് വലി നടക്കുക . അവനിലെ കൊച്ചു കൊച്ചു കുസൃതികളെ ആ നിഷ്കളങ്കതയോടെ ആസ്വദിക്കാൻ കഴിയണം , അപ്പോൾ മാത്രമാണ് അവനിൽ വളർന്നു പന്തലിക്കുന്ന സ്നേഹവും കടന്ന് വിട്ട ആ വികാരവും മുതിർന്നവന്റെ വാക്കുകളെ അനുസരിക്കാൻ പ്രേരിപ്പിക്കുകയുള്ളൂ , അല്ലാതെ രണ്ടടി കൊടുത്ത് നേരെയാക്കാവുന്നതല്ല ബഹുമാനമെന്ന വികാരം . അത് അവൻ അനുഭവിച്ചറിയണം , ആസ്വദിക്കണം അപ്പോഴാണ് ബഹുമാനം അവന്റെ ജീവിത പാഠമായി മാറുന്നത് . ഹിറ്റ്ലറിനെ ഓർക്കാം , തന്റെ പിതാവ് എന്നും വന്ന് അവനെ പൊതിരെ തല്ലുമായിരുന്നു , സ്നേഹം എന്തെന്ന് അനുഭവിക്കാത്ത അവൻ ഇനി ഒരുത്തനും അത് ലഭിക്കേണ്ടതില്ല എന്ന വാശിയിലേക്ക് വന്നു . അവൻ ഏറ്റ ഓരോ പ്രഹരവും അവന്റെ ഉള്ളിൽ ജനിപ്പിച്ച വിദ്വേഷത്തിൽ നിന്നാണ് ലോകത്തെ നടുക്കിയ കൂട്ടക്കൊല നടത്തിയ ഹിറ്ലവർ ജനിക്കുന്നത് .
പ്രിൻസ് ഇ എ എന്ന യൂട്യൂബർ ചെയ്ത ഒരു വീഡിയോ , അതിൽ അദ്ദേഹം ‘ഗർബേജ് ഡമ്പ്’ എന്ന ഒരു റ്റെർമിനോളജിയെ പരിചയപ്പെടുത്തുന്നുണ്ട് . ഓരോ കോപവും ബാക്കിയാക്കുന്ന ചവറുകളെ കുറിച്ചാണ് അദ്ദേഹത്തിന്റെ വീഡിയോ . ഒരാൾ കോപിക്കുമ്പോൾ അയാളിലെ മാലിന്യങ്ങളെ മറ്റെയാളിലേക്ക് എറിയുന്നു , ആ മാലിന്യത്തിന്റെ ഭാണ്ഡം അവൻ മറ്റൊരുവനിലേക്ക് കോപത്തിലൂടെ കൈമാറുന്നു , ഇങ്ങനെ ഇതൊരു സൈക്ലിക്കൽ പ്രോസസ് ആയി നടന്നു കൊണ്ടേ ഇരിക്കുന്നു . കുഞ്ഞുങ്ങളുടെ കാര്യത്തിലും ഇത് സംഭവിക്കുന്നതിനാലാണ് ഇവിടെ ഇത് സൂചിപ്പിച്ചത് . മറ്റുള്ളവരോടുള്ള കോപം നാം പലപ്പോഴും തീർക്കുക കുഞ്ഞുങ്ങളിലാണ് , അത് പിന്നീട് നമ്മെ ഖേദിപ്പിക്കും പക്ഷെ അത് ഉണ്ടാക്കി വെക്കുന്ന മുറിവ് ഉണക്കാൻ പറ്റുന്നതായിരിക്കണം എന്നില്ല . അത് കൊണ്ടാണ് കുട്ടികളോട് ദേഷ്യപ്പെടുന്നതിനെക്കാൾ ഗുണകരം അവരോട് നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നതാണെന്ന് പറയുന്നത് .
കുട്ടികളോട് നാം ചെയ്യുന്ന മറ്റൊരു കൂര കൃത്യമാണ് മറ്റുള്ളവരോടുള്ള പക ഹൃദയങ്ങളിൽ കുത്തിവെക്കുക എന്നത് . ഇത് പലപ്പോഴും പലരും ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് , വാക്കുകൾക്ക് ആയുധങ്ങളെക്കാൾ മൂർച്ചയുണ്ട് എന്നത് ഒരാൾ നോവിപ്പിച്ചാൽ നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ . അവൻ ചെയ്യും , അവന് കൊടുക്കരുത് എന്നും പറഞ്ഞ് കുഞ്ഞു ഹൃദയങ്ങളിൽ നമ്മുടെ ഇഷ്ടം പ്രവർത്തിപ്പിക്കുന്നത് അവരിൽ വല്ലാത്ത വിദ്വേഷവും വെറുപ്പും വളർത്തും , പിന്നെ അവകളെ പിഴുതെടുക്കൽ നട്ടു പിടിപ്പിക്കും പോലെ എളുപ്പമല്ല എന്ന് ഓർക്കണം . കുഞ്ഞുങ്ങൾ തമ്മിൽ നടക്കുന്ന ഇടങ്ങളിലേക്ക് നമ്മൾ ചെല്ലുമ്പോൾ യാഥാർഥ്യം മനസ്സിലാക്കാതെ നാം നടപ്പിലാക്കുന്ന ശിക്ഷാ നടപടി അനുഭവിക്കുന്ന കുഞ്ഞ് മനസ്സിൽ ‘കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഇടപെടേണ്ട’ എന്ന് മനസ്സിൽ പറയുന്നുണ്ടാകാം , ചിലപ്പോൾ അവർ തമ്മിൽ തമാശയിൽ നടക്കുന്ന കാര്യങ്ങളെ വീർപ്പിച് നാം ഗൗരവമായിക്കണ്ട് അവരെ അടിക്കുകയും തൊഴിക്കുകയും ചെയ്യുന്നു , മുതിർന്നവരുടെ കാര്യത്തിൽ കുഞ്ഞുങ്ങളെങ്ങാനും തല ഇട്ടെന്ന് തോന്നിയാൽ അവിടെ ഉണ്ടാകാൻ പോകുന്ന പുകില് പറഞ്ഞറിയിക്കാൻ പറ്റുമോ , എന്നാൽ ഈ ഒരു കണിശത എന്ത് കൊണ്ട് കുഞ്ഞുങ്ങളുടെ ഇടയിലെ കളിയിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ നമ്മിൽ കാണുന്നില്ല ? .
അവസാനമായി , കുഞ്ഞുങ്ങളോട് കാണിക്കുന്ന മറ്റൊരു ക്രൂര കൃത്യം പറയാം , അവരുടെ ജേഷ്ഠ സഹോദരനെ/സഹോദരിയെ ഭയപ്പെടേണ്ട കഥാപാത്രമായി പ്രതിഷ്ഠിക്കുക എന്നതാണ് . സ്നേഹിച്ചും കളിച്ചും വളരേണ്ട സാഹോദര്യ ബന്ധം വീണ്ടും വലിയ വിടവുകളുള്ള ബന്ധമായി രൂപം കൊള്ളും , സിനിമകളിലും കഥകളിലും കേട്ട് ശീലിക്കാറുള്ള സഹോദര/സഹോദരി ബന്ധം ജീവിതത്തിൽ അങ്ങനെ അന്യം നിന്നു പോകുന്നു .സഹോദരങ്ങൾക്ക് കുഞ്ഞുങ്ങളിൽ നൽകുന്ന അമിത സ്വാതന്ത്രം അവർ ദുരൂപയോഗിക്കും എന്നത് തീർച്ച , കാരണം അവർക്ക് പാറന്റിങ് അറിയുകയില്ല . വണ്ടി ഓടിക്കാൻ അറിയാത്തവർ വണ്ടി ഓടിച്ചാൽ എന്തായിരിക്കും അതിന്റെ പര്യവസാനം ? അപകടമായിരിക്കും അല്ലെ , എങ്കിൽ പാറന്റിങ് അറിയാത്ത ജേഷ്ഠൻ/ജേഷ്ഠത്തി നയിക്കുന്ന കുഞ്ഞ് നന്നായി വളരുക എന്നത് വളരേ പ്രയാസകരമാണ് . അതു കൊണ്ടാണ് പറയുന്നത് പാറന്റിങ് ഒരു കുട്ടിക്കളി അല്ല എന്ന് .


🔥👌
ReplyDelete